മൊഹബ്ബത്തിൻ ( രക്ഷാധികാരി ബൈജു (ഒപ്പ്) )

മൊഹബ്ബത്തിൻ മുന്തിരി നീരേ…
പുതുമൊഞ്ചിൻ താമര മലരേ…
സുറുമക്കൺ ചിമ്മി ചിമ്മി ചൊല്ലണതെന്താണു് …
മണിമാരൻ നിന്നെക്കാത്തീ രാവിലിരുപ്പാണു്…
മൊഹബ്ബത്തിൻ മുന്തിരി നീരേ…
പുതുമൊഞ്ചിൻ താമര മലരേ…

ഇരവൊന്നു വെളുക്കുമ്പോളിനി നിങ്ങൾ ഒരു മെയ്
ഇടനെഞ്ചിലുണരുന്നോ പാട്ടു്
ഏയ് പെരുത്ത പെരിശമോടെ…രസിച്ചു ചുവടിളകി
അലച്ചു തല്ലി ചിരിച്ചു തുള്ളി
നാടും വീടും പാടും രാവു്….
മൊഹബത്തിൻ മുന്തിരി നീരേ…
പുതുമൊഞ്ചിൻ താമര മലരേ…

മാതളപ്പഴം നിന്റെ തൂമുഖം മാനസക്കിളി പെണ്ണേ….
മാരനുള്ളിലെ മാമരത്തിലു് കൂടു കൂട്ടും ജിന്നേ….
അമ്പിളിക്കല തോറ്റു പോകണ റങ്കിലഞ്ചണ മാരാ…
ഏതു പെണ്ണിനും പൂതി തോന്നണ ആണൊരുത്തനാ നീയേ….
ഊദുകുപ്പിയുമായിയെത്തണു് ഊരു ചുറ്റണ കാറ്റു്
വെള്ളി കൊണ്ടൊരു കോട്ടു തുന്നി വന്നു മേട നിലാവു്…

കസവിന്റെ ഉടുപ്പിട്ടു് കിസ്സപ്പാട്ടിന്നിശലിട്ടു്
കുറുമ്പിന്റെ കൊലുസ്സിട്ട കൂട്ടു്….
ബിരിയാണി മണം പിടിച്ചിളം കാറ്റിൻ ചിറകടി-
ച്ചലതല്ലിപ്പറക്കണകൂട്ടു്…
കളവില്ലാ മനമുള്ള കളിചിരിയുടെ രാവു്
കുരുന്നുകൾക്കിതു് ദുനിയാവു്….

അറബനത്തുടി കൊട്ടി…കിലുകിലെ സൊറ കൂട്ടി
സകലരുമൊരുമിച്ച കൂട്ടു്….
സർബത്തിൻ മധുരവും നറുമഞ്ഞിൻ തെളിമയും
സമം ചേർത്തു വിളക്കിയ കൂട്ടു്….
വെളുവെളെ തിളങ്ങുന്ന പുലരിതൻ തുടിപ്പുള്ള
ചെറുതുകൾക്കിതു് പെരുന്നാളു്…

കൽക്കണ്ട തേന്മഴ തന്നു്…ഖൽബിന്റെ വാതിലിൽ വന്നു്
മൈലാഞ്ചിച്ചോപ്പിൻ കയ്യാൽ മുട്ടി വിളിച്ചോളേ….
നിക്കാഹിൻ പന്തലുയർന്നു്…സൽക്കാരക്കൂട്ടമുണർന്നു്
സ്വപ്നത്തിൻ പട്ടുറുമാലായ് കൂടെ വരുന്നോളേ…
തന തിന്ന താനന തിന്നാ…തന തിന്ന താനന തിന്നാ
തന തിന്ന താനന തിന്നാ…താനന തന്നാനേ ….(2)

 

Year:2017

149 total views, 1 views today

Leave a Reply

Your email address will not be published. Required fields are marked *